തിരുവനന്തപുരം: ശബരിമല വിധിയെ ചൊല്ലി നടത്തിയ ഹര്‍ത്താലുകളിലും സംസ്ഥാനമൊട്ടാകെ നടത്തിയ അക്രമ സംഭവങ്ങളിലും പുതിയതായി പ്രതി ചേര്‍ക്കപ്പെട്ടതോടെ പണി പാളിയത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക്. കഴിഞ്ഞദിവസം, കെ സുരേന്ദ്രന് കേസുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സന്നദ്ധനായിരുന്നു. 20 കേസുകളുണ്ടെന്ന് നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞ കെ സുരേന്ദ്രനെ തിരുത്തി സര്‍ക്കാര്‍ 243 കേസുകളുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും പുതിയ നാമനിര്‍ദേശ പത്രികകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭയ്ക്കെതിരെ 27 കേസുകള്‍ കൂടിയുണ്ടെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച നല്കിയ പത്രിക പിന്‍വലിച്ച് ഇന്ന് പുതിയ പത്രിക നല്‍കിയത്. നിലവില്‍ 40 കേസുകളാണ് ശോഭാ സുരേന്ദ്രനെതിരെയുള്ളത്. ഇതോടെ വരണാധികാരിയായ കളക്ടര്‍ വാസുകിക്ക് മുമ്പില്‍ ശോഭാ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തകര്‍ തിരക്കിട്ട് പത്രിക സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം, ഏഴുകേസുകള്‍ ഉണ്ടെന്നാണ് ചാലക്കുടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 146 കേസുകള്‍ കൂടി എഎന്‍ രാധാകൃഷ്ണനെതിരെ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനും പുതിയ പത്രികയുമായി രംഗത്തെത്തിയത്.
Discussion about this post