കല്‍പറ്റ: വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വരവേല്‍പ്പ്. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ കല്‍പറ്റയിലെത്തി രാഹുലിനെ സ്വീകരിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് രാഹുലെത്തിയത്. എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സ്വീകരണമൊരുക്കിയത്. ഒട്ടേറെ പ്രവര്‍ത്തകരാണ് സ്വീകരണവുമായി വയനാട്ടിലെത്തിയിരിക്കുന്നത്. തുറന്ന വാഹനത്തില്‍ കളക്ട്രേറ്റിലേക്ക് നീങ്ങിയ രാഹുല്‍ വയനാട് കളക്ടര്‍ക്ക് മുമ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
രാഹുലിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വൈത്തിരിയിലെ മാവോയിസ്റ്റ് വെടിവെയ്പ്പിനു തിരിച്ചടി നല്‍കുമെന്ന മാവോയിസ്റ്റുകളുടെ ഭീഷണിയുള്ളതിനാല്‍ അതീവ സുരക്ഷയിലാണ് മേഖല. എസ്പിജി നിയന്ത്രണത്തിലാണ് കല്‍പറ്റ. കോഴിക്കോട്, വയനാട് ജില്ലകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാലു പേര്‍ക്കു മാത്രമേ രാഹുലിനൊപ്പം കളക്ട്രേറ്റില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചൂള്ളൂ. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുലും പ്രിയങ്കയും റോഡ്‌ഷോ നടത്തുകയാണ്. കളക്ട്രേറ്റ് മുതല്‍ കല്‍പറ്റ ടൗണ്‍ വരെയാണ് റോഡ് ഷോ. അതേസമയം, സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശ്ശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.