കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവനെതിരെ ഉയര്‍ന്ന ഗുരുതര അഴിമതി ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴ ആരോപണം സിപിഎം കെട്ടി ചമച്ചതാണെന്ന് സംശയിക്കുന്നതായും അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായും ചെന്നിത്തല പ്രതികരിച്ചു.
സിപിഎം ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സംശയിക്കുന്നു. കോഴിക്കോട്ടെ പ്രബുദ്ധരായ ജനങ്ങളെ കബളിപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. പാര്‍ട്ടി ഒറ്റക്കെട്ടായി എംകെ രാഘവന് പിന്നിലുണ്ടാകുമെന്നും ആരോപണമുയര്‍ന്നതിനു പിന്നാലെ ചെന്നിത്തല പറഞ്ഞു.
അതേസമയം, സമാനമായ പ്രതികരണമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രകടിപ്പിച്ചത്. സിപിഎമ്മാണ് കോഴ ആരോപണത്തിന് പിന്നിലെന്ന് പ്രതികരിച്ച മുല്ലപ്പള്ളി, സ്റ്റിങ് ഓപ്പറേഷനിലൂടെ വാര്‍ത്ത പുറത്തുവിട്ട ചാനല്‍ 9ന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ആരോപിച്ചു. എംകെ രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുക മാത്രമാണ് ആരോപണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ, തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയുടെ തെളിവാണ് ഈ വീഡിയോ എന്ന വാദവുമായി എംകെ രാഘവന് രംഗത്തെത്തി. വീഡിയോ കെട്ടിച്ചതാണെന്നും തന്റെ വീട്ടില്‍ ധാരാളം ആളുകള്‍ വന്നുപോകാറുണ്ടെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ ഡബ്ബ് ചെയ്ത് വീഡിയോയില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നെന്നുമാണ് എംകെ രാഘവന്റെ വിശദീകരണം.
ഒരു സിങ്കപ്പൂര്‍ കമ്പനി ഹോട്ടല്‍ ആരംഭിക്കാനായി കോഴിക്കോട് നഗരത്തില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് എംകെ രാഘവനെ സമീപിക്കുകയും, അദ്ദേഹം പ്രത്യുപകാരമായി 5 കോടി രൂപ ആവശ്യപ്പെടുന്നതുമാണ് ടിവി 9ന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവന്നിരിക്കുന്നത്. പണം തന്റെ ഓഫീസ് സെക്രട്ടറിയെ കറന്‍സിയായി തന്നെ ഏല്‍പ്പിക്കണമെന്നും എംകെ രാഘവന് വീഡിയോയില്‍ പറയുന്നുണ്ട്.
ഏതായാലും സംഭവം രാഷ്ട്രീയ ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റുമെന്നാണ് സൂചനകള്‍.
Discussion about this post