തിരുവനന്തപുരം: കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലുള്‍പ്പടെ വാര്‍ത്തയായ യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി സ്കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ സത്യാവസ്ഥ തിരക്കി ജനങ്ങള്‍. നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മൂന്നു സ്കാനിയ ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ കമ്പനിയില്‍ നിന്ന് വാടകയ്ക്കെടുത്ത ബസുകളാണ് പിടിച്ചെടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പെട്ടെന്നുള്ള നടപടി 300ഓളം യാത്രക്കാരെയാണ് വലച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതരും പറയുന്നു.
എന്നാല്‍, നികുതിക്കൊപ്പം ഇന്‍ഷുറന്‍സും അടയ്ക്കാത്തതിനാലാണ് ബസ് പിടിച്ചെടുത്തതെന്ന വാദം തെറ്റാണെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. അതേസമയം, മോട്ടോര്‍ വാഹന വകുപ്പിന്റെ പെട്ടെന്നുള്ള ഈ നടപടി സ്വകാര്യ ലോബികളെ സഹായിക്കാനാണെന്നും ഈ നടപടിയില്‍ മോട്ടോര്‍ വാഹനവകുപ്പും ബസ് വാടകയ്ക്ക് നല്കിയ മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയും ഒരുപോലെ ഉത്തരവാദികളാണെന്നും ആരോപണം ഉയരുന്നുണ്ട്. സംസ്ഥാനത്ത് നിരവധി സ്വകാര്യബസുകള്‍ ഇന്‍ഷുറന്‍സും ടാക്സും അടയ്ക്കാതെ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും മുന്നറിയിപ്പ് പോലും നല്കാതെയുള്ള ഇത്തത്തിലുള്ള കടുത്ത നടപടി മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതിനാല്‍ എന്തിനുവേണ്ടിയാണ് യാത്രക്കാരെ വലച്ചുകൊണ്ടുള്ള ഈ നടപടിയെന്ന സംശയം ഉയരുകയാണ്.
10 സ്കാനിയയും 10 ഇലക്ട്രിക് ബസുകളുമാണ് കെഎസ്ആര്‍ടിസി വാടകയ്ക്കെടുത്തിട്ടുള്ളത്. ഇക്കൂട്ടത്തിലെ മൂന്ന് ബസുകളാണ് ഓരോ സ്കാനിയ ബസും ഒന്നരലക്ഷത്തിനു മുകളില്‍ തുക നികുതിയായി നല്‍കാനുണ്ടെന്ന് പറഞ്ഞ് പിടിച്ചെടുത്തിരിക്കുന്നത്. സ്കാനിയ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് വാടകയ്ക്ക് നല്കിയ മഹാരാഷ്ട്രയിലെ മഹാവോയേജ് കമ്പനിയാണ് വ്യവസ്ഥ പ്രകാരം നികുതി അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ നികുതി അടയ്ക്കുന്നുണ്ടായിരുന്നില്ല.
നികുതി അടയ്ക്കണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകള്‍ പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പെട്ടെന്നുള്ള നടപടി മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ്വ് ചെയ്ത മുന്നൂറോളം യാത്രക്കാരെയാണ് പെരുവഴിയിലാക്കിയത്. ഈ നടപടി കെഎസ്ആര്‍ടിസിയുടെ യശസിനെ സാരമായി ബാധിക്കുന്നതാണെന്നും കോര്പറേഷന് അധികൃതര്‍ പറയുന്നു. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പറയുന്നു. കെഎസ്ആര്‍ടിസിക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ ഉണ്ടായ നടപടി വരും ദിവസങ്ങളിലെ വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് കോര്പറേഷന് അധികൃതര്‍.
Discussion about this post