കോഴിക്കോട്: രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതോടെ തെക്കേ ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവ് സംസ്ഥാനത്തെ യുഡിഎഫ് പ്രവര്‍ത്തകരില്‍ പുതിയൊരു ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. ഇരുപതില്‍ 20 സീറ്റും നേടുകയാണ് ലക്ഷ്യമെന്നും അതിനുള്ള അനുകൂലമായ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് യുഡിഎഫ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി നാളെ പതിനൊന്നരയോടെ പത്രിക സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്നുള്ള നടപടികള്‍ എഐസിസി ആയിരിക്കും തീരുമാനിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യന്‍ ജനതയെ ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യാനിയായും വേര്‍തിരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് പറ്റിയ പണിയല്ലെന്നും അതിനുള്ള മറുപടി കേരള ജനത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.