കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും വരുംദിവസങ്ങളില്‍
ജനാധിപത്യപ്രക്രിയയില്‍ സജീവമാകുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്,
ചാലക്കുടിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും തന്നെ സംബന്ധിച്ച് ഇന്നു മുതല്‍ വിരമിക്കല്‍ പ്രാബല്യത്തില്‍ വന്നതായാണ് കണക്കാക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ഏപ്രില്‍ ഒന്നിന് വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ള ജേക്കബ് തോമസ് ഇതിനുള്ള സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍, അപേക്ഷയില്‍ പറഞ്ഞിട്ടുള്ള തീയതി മുതല്‍ താന്‍ സ്വയം വിരമിച്ചതായി കണക്കാക്കുകയാണെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നാളെ മുതല്‍ ജനാധിപത്യ പ്രക്രിയയില്‍ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സ്വയം വിരമിക്കല്‍’ എന്നാല്‍ താന്‍ സ്വന്തമായി വിരമിക്കുന്നു എന്നാണ് അര്‍ഥമെന്നും സംസ്ഥാന സര്‍ക്കാരിന് തന്നെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാനാവില്ലെന്നും നേരത്തേ ജേക്കബ് തോമസ് പറഞ്ഞിരുന്നു.
കിഴക്കമ്പലത്തെ ട്വന്റി ട്വന്റി കൂട്ടായ്മയാണ് ജേക്കബ് തോമസിനെ മത്സരിപ്പിക്കുന്നില്ലെന്ന വിവരം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ ഉചിതമായ തീരുമാനം ഇതുവരെയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കൂടാതെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനവും അടുക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സമയപരിമിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് മത്സര രംഗത്ത് നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ജേക്കബ് തോമസ് അറിയിച്ചു. സര്‍ക്കാരിനെ പൂര്‍ണമായും കുറ്റപ്പെടുത്താനാവില്ലെന്നും ചില ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് രാജി വൈകിപ്പിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post