തൃശ്ശൂര്‍: ആനവാല്‍ പറിച്ചെടുക്കുന്നതിനിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞാണിയ്ക്കും പാന്തോടിനും ഇടയില്‍ കനാല്‍ പാലത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയിടഞ്ഞത്. ആനയെ തറവാട്ടുവക ക്ഷേത്രത്തില്‍ പറയെടുപ്പിക്കാന്‍ കൊണ്ടുവന്നതായിരുന്നു.
തുടര്‍ന്ന് നാലുപേര്‍ ആനപ്പുറത്ത് കയറാനെത്തി. ഇവരില്‍ ഒരാളാണ് പപ്പാന്റെ സമ്മതമില്ലാതെ ആനവാല്‍ പറിക്കാന്‍ ശ്രമിച്ചത്. ആനവാല്‍ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ പാപ്പാനുമായി തര്‍ക്കിക്കുകയും,കൈയ്യേറ്റ ശ്രമവും ഉണ്ടായി. ഇതോടെ ആനയിടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്നവര്‍ സമീപത്തുള്ള മരത്തില്‍ കയറിയാണ് രക്ഷപ്പെട്ടത്.
എലിഫന്റ് സ്‌ക്വാഡ് എത്തി, ഒരുമണിക്കൂര്‍ സമയമെടുത്താണ് ആനയെ തളച്ചത്. കാഞ്ഞാണി-അന്തിക്കാട് റോഡില്‍ കുറച്ച് സമയം ഗതാഗത തടസമുണ്ടായി. അതേസമയം ആനവാല്‍ പറിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post