രാഹുലിനെ വരവേല്‍ക്കാന്‍ വയനാട്ടില്‍ യുഡിഎഫിന്റെ ഗംഭീര ഒരുക്കങ്ങള്‍; രാത്രി വൈകിയും ബൂത്ത് കമ്മിറ്റി യോഗങ്ങള്‍; കനത്ത സുരക്ഷ ഒരുക്കും; കുഴങ്ങുന്നത് പോലീസ്

കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെ യുഡിഎഫ് ക്യാംപ് ആഹ്ലാദാഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ.് രാത്രി വൈകിയും ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്റെ തിരക്കിലാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും. പാതിരാത്രിയിലാണ് പലയിടത്തും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു. മൂന്ന് ദിവസത്തിനുള്ളില്‍ വീട് കയറിയിറങ്ങിയുള്ള ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. നേരത്തെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉറപ്പിക്കാനാകാതെ യുഡിഎഫ് കുഴങ്ങുന്നതിനിടെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. രോഷത്തിലായ പ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ ആവേശ കൊടുമുടിയിലാണ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകമ്മിറ്റികളും നിലവില്‍ വരുമെന്നായിരുന്നു നേതാക്കളുടെ വാക്ക്. ഇത് പാലിക്കാന്‍ പ്രവര്‍ത്തകര്‍ രാത്രി വൈകിയും പലയിടത്തും രൂപീകരണയോഗം ചേര്‍ന്നു. ഘടകകക്ഷികളിലെ പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജീവമാണ്. പ്രചരണത്തില്‍ ഇടതുമുന്നണി മൂന്ന് ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിലൂടെ പിപി സുനീറിന് കിട്ടിയ ആധിപത്യം മറികടക്കുകയാണ് യുഡിഎഫിന്റെ അടുത്ത ലക്ഷ്യം.

അതേസമയം,വയനാട്ടില്‍ ഇനി വരുന്നത് കനത്ത സുരക്ഷിയുടെ ദിനങ്ങളാണ്. മാവോയിസ്റ്റ് ഭീഷണി കൂടി കണക്കിലെടുത്താണ് നീക്കം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രത്യേക സുരക്ഷ തയ്യാറാക്കാനൊരുങ്ങുകയാണ് പോലീസ്. മുന്‍കൂട്ടി അറിയിച്ചുള്ള പരിപാടികളായതിനാല്‍ അതിനനസരിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കാന്‍ പോലീസ് സജ്ജമാണെന്ന് ഉത്തര മേഖല എഡിജിപി ഷെയ്ക്ക് ധര്‍വേസ് സാഹിബ് പറഞ്ഞു.

രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങള്‍, വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. ജില്ലാ എസ്പിക്ക് പുറമെ കൂടുതല്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരെ രാഹുലിന്റെ പര്യടന വേളയില്‍ നിയോഗിക്കേണ്ടി വരും.

Exit mobile version