തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് തലയോട്ടി തകര്‍ത്ത പ്രതി അരുണ്‍ ആനന്ദിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛന് ബിജുവിന്റെ മരണത്തിലും അരുണിന് പങ്കുണ്ടെന്ന സംശയവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ബിജുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നല്കി. 2018 മേയിലാണ് ബിജു മരിച്ചത്. വിവാഹശേഷം കരിമണ്ണൂരില്‍ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പിന്നീട്, ബിജുവിന്റെ മരണത്തിനു ശേഷമാണ് അരുണ്‍ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി വിശദമാക്കിയെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. ഇടുക്കിയില്‍ മജിസ്ട്രേട്ടിനു മുന്പില് ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. യുവതിക്കെതിരെ നിലവില്‍ കേസുകള്‍ എടുത്തിട്ടില്ല. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം. ഏഴ് വയസ്സുകാരനെ ക്രൂരമായ മര്‍ദ്ദിച്ചതിന് പുറമേ പ്രതി അരുണ്‍ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുണ്‍ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
അരുണ്‍ മയക്കുമരുന്നിന് അടിമയാണെന്നും കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
Discussion about this post