വിഴിഞ്ഞത്തും തിരുവനന്തപുരത്തിന്റെ കടലോര പ്രദേശങ്ങളിലും വോട്ട് തേടിയിറങ്ങവെ മത്സ്യച്ചന്തയില്‍ നിന്നും എടുത്ത ചിത്രവും പങ്കുവെച്ച ക്യാപ്ഷനും വിവാദമായതിനെ തുടര്‍ന്ന് വീണ്ടും ‘മീന്‍ പിടിച്ച്’ വോട്ട് നേടാന്‍ ശ്രമിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇംഗ്ലീഷില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് മത്സ്യത്തൊഴിലാളികല്‍ക്ക് എതിരാണെന്ന വാദമുയര്‍ന്നതിന് പിന്നാലെ രംഗം ശാന്തമാക്കാന്‍ മണ്ഡലത്തിലെ തീരദേശമേഖല കേന്ദ്രീകരിച്ച് ശശി തരൂര്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്.
ഇതിനിടെ, തരൂര്‍ ട്വീറ്റ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന പത്രക്കടലാസ് കൂട്ടിപ്പിടിച്ച് മത്സ്യം ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം സ്ഥാനാര്‍ത്ഥിയെ പരിഹസിക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചിരുന്നു. പിന്നാലെ പുതിയതുറയിലെ മത്സ്യക്കച്ചവടക്കാരുടെ മത്സ്യത്തട്ടില്‍ നിന്നും വലിയൊരു ചൂരമീന്‍ തരൂര്‍ എടുത്തുയര്‍ത്തുന്ന ചിത്രവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണം ശക്തമാക്കി. എന്നാല്‍ ഈ ചിത്രത്തേയും പരിഹസിച്ചും അനുകൂലിച്ചും സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ, ട്വിറ്ററിലിട്ട ചിത്രങ്ങള്‍ക്കൊപ്പം കുറിച്ച ഈ വാക്കുകളാണ് പ്രചാരണ രംഗത്ത് തരൂരിന് പുലിവാലായത്. Found a lot of enthusiasm at the fish market, even for a squeamishly vegitarian MP. ഈ പ്രയോഗത്തിലെ SQUEAMISH എന്ന വാക്കാണ് പുലിവാലായത്. ഓക്കാനം വരുന്ന എന്ന അര്‍ത്ഥമുളള വാക്ക് മല്‍സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണെന്ന ആരോപണം എതിരാളികള്‍ ഉര്‍ത്തിയിരുന്നു. സാമൂഹമാധ്യമങ്ങളില്‍ പ്രയോഗം വൈറലാവുകയും ചെയ്തു.
ഇതിന് പിന്നാലെ ചിലര്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നമെന്ന് ട്വിറ്ററില്‍ മറുപടി കുറിച്ച തരൂര്‍ SQUEAMISH എന്ന വാക്ക് താന്‍ ഉപയോഗിച്ചത് സത്യസന്ധമായി, ശുണ്ഠിയുളളതായി എന്ന അര്‍ത്ഥത്തിലാണെന്ന സൂചനയും നല്‍കി. എന്നിട്ടും വിവാദം കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ് തരൂര്‍ മല്‍സ്യത്തൊഴിലാളി മേഖല കേന്ദ്രീകരിച്ച് പ്രചാരണത്തിന് ഇറങ്ങിയത്. പുതിയതുറ കരിങ്കുളം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷം തീരദേശ, മത്സ്യത്തൊഴിലാളി മേഖലകളിലൂടെ തരൂര്‍ പര്യടനം നടത്തി.
— Shashi Tharoor (@ShashiTharoor) March 30, 2019