കോട്ടയം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. എന്നാല്‍ കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിക്കാനായില്ലെന്നു ചികിത്സ തുടരുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്ഗ്ധ ഡോക്ടര്‍മാരുടെ സംഘമെത്തി മസ്തിഷ്ക മസ്തിഷ്ക മരണം നടന്നോയെന്ന് സ്ഥിരീകരിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
ചികിത്സയാരംഭിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പള്‍സ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് വിവരം. ഇതിനിടെ മസ്തിഷ്ക മരണം നടന്നെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. എങ്കിലും വിദഗ്ധ സംഘം ഇക്കാര്യം ഉറപ്പുവരുത്തണം. എന്നാല്‍ മാത്രമെ വെന്റിലേറ്ററില്‍ നിന്നും കുട്ടിയെ മാറ്റുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഏഴുവയസുകാരന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയത്. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post