‘സ്‌ക്വീമിഷ്‌ലി’യുടെ അര്‍ത്ഥം ഓക്കാനം എന്നല്ല; തന്റെ ഇംഗ്ലീഷ് മനസിലാക്കാന്‍ കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ശശി തരൂര്‍

'സ്‌ക്വീമിഷ്‌ലി' എന്ന വാക്കിന്റെ അര്‍ത്ഥം ഓക്കാനം എന്നല്ല മറിച്ച് സത്യസന്ധമായി എന്നാണ് വാക്കിന്റെ അര്‍ത്ഥം എന്നാണ് ശശി തരൂര്‍ വ്യക്തമാക്കിയത്

തിരുവനന്തപുരം: തന്റെ ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ശശി തരൂര്‍ എംപി. ‘സ്‌ക്വീമിഷ്‌ലി’ എന്ന വാക്കിന്റെ അര്‍ത്ഥം ഓക്കാനം എന്നല്ല മറിച്ച് സത്യസന്ധമായി എന്നാണ് വാക്കിന്റെ അര്‍ത്ഥം എന്നാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. തനിക്കെതിരെ മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നതെന്നും ശശി തരൂര്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മീന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച ‘സ്‌ക്വീമിഷ്‌ലി’ എന്ന വാക്കാണ് എതിരാളികള്‍ ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. ഈ വാക്കിന്റെ അര്‍ത്ഥം ‘ഓക്കാനം’ എന്നാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം താന്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാതെയാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാറും സെക്രട്ടറി ജിആര്‍ അനിലും പ്രസ്താവനയില്‍ പറഞ്ഞു. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിച്ച സ്വന്തം സൈന്യത്തെയാണ് ശശിതരൂര്‍ അപമാനിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Exit mobile version