മലപ്പുറം: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം എത്താത്തതില്‍ രോഷം പൂണ്ട് സഖ്യകക്ഷിയായ മുസ്ലിം ലീഗ്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് ഉറച്ച സീറ്റായ വയനാട്ടിലെ വിജയസാധ്യതയെ ബാധിക്കുമെന്ന് ലീഗ് നേതൃത്വവും അണികളും ഒരു പോലെ അഭിപ്രായപ്പെടുന്നു. ലീഗിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ഇനിയും വൈകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ പൊതു വികാരം. വിഷയം ചര്‍ച്ച ചെയ്യാനായി പാണക്കാട് തറവാട്ടില്‍ ലീഗ് അടിയന്തര നേതൃയോഗം ഇന്ന് ചേരും.
അതേസമയം, രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുമോ എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. കര്‍ണാടകയും കേരളവും രാഹുലിന്റെ സജീവ പരിഗണനയിലുണ്ടെന്നാണ് സൂചന. എഐസിസി നേതൃയോഗങ്ങളിലും വിഷയം ചര്‍ച്ചയായില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തീരുമാനം വൈകുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തേയും കുഴക്കുന്നുണ്ട്.
ഇതിനിടെ, ഇന്നലെ പുറത്തുവിട്ട 16ാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്ന് വ്യക്തമാക്കിയില്ല. കേരളത്തിലെ വയനാടും വടകരയും ഇത്തവണയും പട്ടികയില്‍ പുറത്തുതന്നെ നില്‍ക്കുകയാണ്. വയനാട്ടില്‍ കെപിസിസി ആദ്യം തീരുമാനിച്ച സ്ഥാനാര്‍ത്ഥി ടി സിദ്ധീക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. എന്നാല്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വടകരയില്‍ കെ മുരളീധരന്‍ സജീവ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.