കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് വീണ്ടും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
തന്നെ ഈ കേസില്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഈ കേസിന്റെ സത്യാവസ്ഥ പുറത്തു വരാന്‍ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.
താന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തേ കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണ്ട എന്നും, കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി ആവശ്യമില്ല എന്നും കാണിച്ച് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.