തിരുവനന്തപുരം: ദമാമിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യുവതിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായത് ദുരനുഭവം. യാത്രയ്ക്കായി മക്കളേയും കൂട്ടി വിമാനത്താവളത്തില്‍ എത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അകാരണമായി നശിപ്പിച്ചെന്നാണ് പരാതി.
മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പം എത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയ്ക്കാണ് മോശം പെരുമാറ്റം സഹിക്കേണ്ടി വന്നത്. മാര്‍ച്ച് 23ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഷനുജ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിരിക്കുകയാണ്.
ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ടില്‍ കേടുപാടുകള്‍ വരുത്തുകയും, മറ്റൊരുദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് പൂര്‍ണ്ണമായും കീറിക്കളയുകയും ആയിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കൈമാറി. പിന്നീട് പാസ്‌പോര്‍ട്ട് വാങ്ങി നോക്കിയ ശേഷം യാത്ര ചെയ്യാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ യുവതിയെ അറിയിക്കുകയും പാസ്‌പോര്‍ട്ട് കീറിക്കളയുകയുമായിരുന്നെന്ന് ഷനുജ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പരിശോധനയ്ക്ക് ശേഷം ആദ്യം അല്‍പ്പം ഇളകിമാറിയ നിലയില്‍ കൈയ്യില്‍ ലഭിച്ച പാസ്‌പോര്‍ട്ട് മറ്റൊരുദ്യോഗസ്ഥന്‍ രണ്ടായി കീറി മാറ്റുകയായിരുന്നെന്നും യുവതി വിശദീകരിച്ചു. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷം യുവതിക്ക് യാത്രാനുമതി നല്‍കി.
Discussion about this post