തൃശ്ശൂര്‍: ആലത്തൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പികെ ബിജുവിന്റെ ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ എന്ന സംശയവുമായി രംഗത്തെത്തിയ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരക്കെതിരെ സോഷ്യല്‍മീഡിയയുടെ രോഷം. പികെ ബിജുവിനെതിരെ രാഷ്ട്രീയം പറഞ്ഞുവോട്ട് നേടൂവെന്നും അല്ലാതെ അക്കാദമിക് മികവിനെതിരെ വ്യാജപ്രചാരണം നടത്തിയല്ല യുഡിഎഫ് വോട്ട് നേടേണ്ടതെന്നും സോഷ്യല്‍മീഡിയ ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ താന്‍ എത്രയേറെ പ്രയാസങ്ങളെ വകഞ്ഞുമാറ്റിയാണ് അക്കാദമിക നേട്ടങ്ങള്‍ കൈവരിച്ചതെന്ന് വിശദീകരിച്ച് പികെ ബിജുവും സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
ഇതിനൊപ്പം തന്നെ ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ പികെ ബിജുവിന്റെ സീനിയറായി പഠനം പൂര്‍ത്തിയാക്കിയ ഗവേഷകനായ സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അക്കാദമിക മികവ് വിശദീകരിക്കുന്നതിനോടൊപ്പം, പികെ ബിജു അന്നേ വളരെ മാന്യമായി പെരുമാറുന്ന ആളും എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന വ്യക്തിയുമായിരുന്നെന്നും സുരേഷ് തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ അഡ്മിഷന് ലഭിക്കുക തന്നെ പ്രയാസകരമാണെന്നും ലോക നിലവാരമുള്ള ഫാക്കല്‍റ്റിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇവിടെ നിന്നുമാണ് പികെ ബിജു പിഎച്ച്ഡി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. പികെ ബിജുവിന്റെ അക്കാദമിക മികവിനെ കുറിച്ച് സംശയമുയര്ത്തിയവരോടാണ് ഈ പോസ്റ്റ് സംവദിക്കുന്നതെന്നും ഇതൊരു രാഷ്ട്രീയ പോസ്റ്റല്ലെന്നും സുരേഷ് സി പിള്ള വ്യക്തമാക്കുന്നു.
സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഡോ. പി.കെ. ബിജു എന്റെ ജൂനിയര്‍ ആയി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ പഠിച്ച ആളാണ്.
വളരെ മാന്യമായി, പെരുമാറുന്ന ആളും, എപ്പോളും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആളുമായ ബിജു അന്നേ എല്ലാവര്ക്കും പ്രിയങ്കരന്‍ ആയിരുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ അഡ്മിഷന് കിട്ടുക എന്നാല്‍ അത്ര എളുപ്പം ഉള്ള കാര്യമല്ല. BSc യുടെ മാര്‍ക്കും, എന്‍ട്രന്‍സ് പരീക്ഷയും കഴിഞ്ഞാണ് അഡ്മിഷന് ലഭിക്കുക.
ലോക നിലവാരത്തില്‍ ഉള്ള ഫാക്കല്‍റ്റി യാണ് അവിടെ ഉള്ളത്. (പലരും IIT യില്‍ നിന്നും PhD യും വിദേശ യൂണിവേഴ്സിറ്റി യില്‍ നിന്നും പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണവും ഒക്കെ കഴിഞ്ഞവര്‍ ആണ്.).
അന്താരാഷ്ട നിലവാരത്തില്‍ ഉള്ള പല പ്രസിദ്ധീകരണങ്ങളും അവിടെ നിനിന്നും വന്നിട്ടുണ്ട്.
സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നാണ് ഞാന്‍ ട്രിനിറ്റി കോളേജിലും, കാല്ടെക്കിലും ഒക്കെ സ്കോളര്‍ഷിപ്പോടെ ഗവേഷണം നടത്തിയത്. ഞാന്‍ മാത്രമല്ല, എന്റെ പല സീനിയര്‍, ജൂനിയര്‍ ആയ ആള്‍ക്കാരും ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള ഗവേഷണ സ്ഥാപനങ്ങളിലും, യൂണിവേഴ്സിറ്റി കളിലും ശാസ്ത്രജ്ഞന് മാരും, പ്രൊഫസ്സര്‍ മാരായുണ്ട്.
അവിടെ എത്തിയത് കൊണ്ട് മാത്രമാണ് എനിക്ക് ഗവേഷണം എന്താണെന്ന് മനസ്സിലായതും, അതില്‍ ഒരു കരിയര്‍ കണ്ടെത്തിയതും.
ബിജു PhD ചെയ്തതും സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ തന്നെ. അതും പോളിമര്‍ സയന്‍സില്‍ നിരവധി ഗവേഷണ പേപ്പറുകള്‍ പ്രസിദ്ധീകരിച്ച ആയ ഡൊ. M. R. Gopinathan Nair സാറിന്റെ കൂടെ.
ഇനിയും സംശയം ഉള്ളവര്‍ക്ക് സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിനെ പറ്റി MG യൂണിവേഴ്സിറ്റി യുടെ അതിരമ്പുഴ കാമ്പസ്സില്‍ പ്രിയദര്‍ശിനി ഹില്ലില്‍ വരാം. നിങ്ങള്‍ക്ക് അവിടുത്തെ ലോകോത്തര ഗവേഷണത്തെക്കുറിച്ചു അറിയാം.
ബിജുവിന്റെ ഗവേഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞ രണ്ടു അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളാണ് താഴെ കൊടുത്തിരിയ്ക്കുന്നത്.
Biju, P. K., Nair, M. R., Thomas, G. V., & Nair, M. G. (2007). Plasticizing effect of epoxidized natural rubber on PVC/ELNR blends prepared by oslution blending. Materials Science-Poland, 25(4), 919-932.
Radhakrishnan Nair, M. N., Biju, P. K., Thomas, G. V., & Gopinathan Nair, M. R. (2009). Blends of PVC and epoxidized liquid natural rubber: Studies on impact modification. Journal of applied polymer science, 111(1), 48-56.
ഇത് ഒരു രാക്ഷ്ട്രീയ പോസ്റ്റ് അല്ല. ബിജുവിന്റെ അക്കാഡമിക് മികവിനെക്കുറിച്ച് ആരോ സംശയം പ്രകടിപ്പിച്ചു പോസ്റ്റ് എഴുതിയതാണ് ഇത്രയും എഴുതാന്‍ കാരണം. ഇനിയും ധാരാളം എഴുതാറുണ്ട്.
[ഇപ്പോള്‍ അമേരിക്കയിലെ Carnegie Mellon യൂണിവേഴ്സിറ്റി യില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക ആണ്. ലഞ്ച് ബ്രേക്കില്‍ തിരക്കിട്ടെഴുതിയ പോസ്റ്റാണ്. കൂടുതല്‍ പിന്നാലെ എഴുതാം.]
Discussion about this post