കൊല്ലം: പെട്രോള്‍ വാഹനങ്ങളില്‍ നിറച്ചു നല്കുകയല്ലാതെ കുപ്പിയിലും മറ്റുള്ളവയിലും പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങള്‍ നല്‍കില്ലെന്ന് പമ്പുടമകളും, നല്‍കേണ്ടെന്ന് സര്‍ക്കാരും തീരുമാനമെടുത്തതോടെ പെരുവഴിയിലായത് മുപ്പതിനും അമ്പതിനുമൊക്കെ ബൈക്കില്‍ എണ്ണയടിക്കുന്ന ചെത്തുപിള്ളേരാണ്. പെട്രോള്‍ തീര്‍ന്ന് വാഹനം പെരുവഴിയിലാകുന്നത് ഫ്രീക്കന്മാര്ക്ക് പുത്തരിയൊന്നുമല്ല. ഉടനെ ഒരു കുപ്പി തപ്പിയെടുത്ത് അടുത്ത പെട്രോള്‍ പമ്പിലേക്ക് ഓടുകയാണ് ന്യൂജെന്‍ യുവാക്കളുടെ പതിവ്. എന്നാല്‍ ഇനിയത് നടക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് തന്നെ പറഞ്ഞതോടെ, രണ്ടും കല്‍പ്പിച്ച് സോഷ്യല്‍മീഡിയയില്‍ പുതിയ ചലഞ്ചുമായി ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടര്‍.
അടുത്തകാലത്ത് കേരളത്തില്‍ രണ്ട് പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതോടെയാണ് ഇനി മുതല്‍ കുപ്പികളില്‍ പെട്രോള്‍ കൊടുക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനെ മറികടക്കാന്‍, ഇരുചക്രവാഹനങ്ങളുടെ ഒഴിഞ്ഞ പെട്രോള്‍ ടാങ്ക് ഊരിയെടുത്ത് കൊണ്ടുവന്ന് പെട്രോള്‍ വാങ്ങുകയാണ് പുതിയ ചലഞ്ച്. ഏതായാലും യുവാക്കളുടെ ഈ ചലഞ്ച് വീഡിയോ വൈറലായിരിക്കുകയാണ്.
പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്കാന് പാടില്ലെന്നാണ് എക്സ്പ്ലോസീവ് നിയമം. പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂവെന്നും ചട്ടം പറയുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. അതിനിടെയാണ് പെട്രോളൊഴിച്ച് കൊലപാതകങ്ങള്‍ നടന്നത്. ഇതോടെ സര്‍ക്കാര്‍ ചട്ടം കര്‍ശനമാക്കി ഉത്തരവിറക്കുകയായിരുന്നു.
Discussion about this post