തിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിന് പിന്നില്‍ കോണ്‍ഗ്രസ്സ്, മാര്‍ക്‌സിസ്റ്റ്, ജിഹാദി എന്ന ‘കോ-മാ-ജി’ സംയുക്ത കൂട്ടുകെട്ടാണെന്ന് ബിജെപിയുടെ ആരോപണം. കോണ്‍ഗ്രസ്സ്, മാര്‍ക്‌സിസ്റ്റ്, ജിഹാദികള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം ആയതിനാലാണ് വയനാട് രാഹുലിനായി തെരഞ്ഞെടുത്തതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും, എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ പികെ കൃഷ്ണദാസ് ആരോപിച്ചു.
ദേശീയ തലത്തില്‍ രൂപം കൊണ്ട ‘കോമാജി’ സഖ്യം ഇതോടെ അരങ്ങത്ത് നിന്ന് അണിയറയിലേക്ക് എത്തിയിരിക്കുന്നു. കന്യാകുമാരിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുന്ന സിപിഎം, തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന് എതിരെ മത്സരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കോമാജി’ സഖ്യത്തിന്റെ സ്ഥീരികരണമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടില്‍ പ്രചരണത്തിന് എത്താത്തതിനു പിന്നില്‍. യെച്ചൂരി എന്ത് കൊണ്ടാണെന്ന് വയനാട്ടിലെത്താത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ ബംഗാളിലും, ത്രിപുരയിലും മാത്രമല്ല കേരളത്തിലും സീറ്റ് ധാരണയിലെത്തിയെന്ന് വയനാട് വിളിച്ചു പറയുമെന്നും അദ്ദേഹം ആരോപിച്ചു.