ഇടുക്കി: മറയൂരില്‍ പതിനൊന്നുകിലോ ചന്ദനവുമായി ഫോറസ്റ്റ് വാച്ചര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍. ഇവരില്‍ നിന്ന് നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിന്നും മോഷ്ടിച്ച ചന്ദനവും പിടികൂടി.
മാങ്കുളം സ്വദേശിയായ വിഷ്ണു, ആദിവാസി വാച്ചറായ മറയൂര്‍ കവക്കുടി സ്വദേശി നീലമേഘന്‍ പെരിയകുടി സ്വദേശി ഗുരുശേഖരന് എന്നിവരാണ് വനപാലകരുടെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച നാച്ചിവയല്‍ അമ്പലപ്പാറയില്‍ നിന്നും ചന്ദനം കടത്താന്‍ ശ്രമിക്കുന്നതായ് റെയ്ഞ്ച് ഓഫീസര്‍ക്ക് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതേ തുടര്‍ന്ന് വനപാലകര്‍ നടത്തിയ തെരച്ചിലിലും അന്വേഷണത്തിലുമാണ് മൂവരും കുടുങ്ങിയത്.
പിടിയിലായവരില്‍ നിന്ന് ചന്ദനകഷണങ്ങള്ക്കും,വേരുകള്‍ക്കും പുറമെ വെട്ടുകത്തി, പാര തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. നീലമേഘനും ഗുരുശേഖരനും ചേര്‍ന്ന് ആദ്യം ഫീല്‍ഡിലെ വിവരങ്ങള്‍ മാങ്കുളത്തെ ചന്ദന മാഫിയക്ക് ചോര്‍ത്തി കൊടുത്തു. തുടര്‍ന്നാണ് സംഘവുമായി ചേര്‍ന്ന് ചന്ദനമോഷണം നടത്തിയതെന്ന് വനപാലകര്‍ പറഞ്ഞു. ചന്ദന മാഫിയ സജീവമായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്ജിതപ്പെടുത്തിയതാണ് മോഷണ മുതല്‍ കണ്ടെത്താനും പ്രതികളെ പിടികൂടാനും കാരണമായത്.
Discussion about this post