തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സാഹിത്യകാരി അഷിതയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. കല്ലുവെച്ച നുണകള്‍ മറ്റാരോടും പറയാം, മകളോടു പറയരുത്, അവളത് എന്നെങ്കിലും തിരിച്ചറിഞ്ഞ് മുന്നില്‍ വന്ന് ചോദ്യങ്ങള്‍ ചോദിക്കും എന്ന് ഓര്‍മ്മിപ്പിച്ച എഴുത്തുകാരീ പ്രണാമം എന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ആരുമല്ലാത്തവര്‍ തരുന്ന നാരങ്ങാ മിഠായികളാണ് ജീവിതത്തില്‍ മധുരം കൊണ്ടുവരുന്നതെന്നു പഠിപ്പിച്ച അഷിതയ്ക്ക് കണ്ണീര്‍ പ്രണാമം… അഷിത എന്നോടു പറഞ്ഞത് സത്യങ്ങള്‍ മാത്രം. അമ്മമാര്‍ ഒരിക്കലും പറഞ്ഞു തരാത്ത ആ സത്യങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്നും’ ശാരദക്കുട്ടി കുറിച്ചു.
രാത്രി ഒന്നിന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അഷിതയുടെ മരണം സംഭവിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്, അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, വിസ്മയചിഹ്നങ്ങള്‍, മയില്‍പ്പീലി സ്പര്‍ശം, കല്ലുവച്ച നുണകള്‍, ശിവേന സഹനര്‍ത്തനം, എന്നിവയാണ് അഷിതയുടെ കൃതികള്‍.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘കിടപ്പറയും അടുക്കളയും മാത്രമാണ് ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴികളെന്ന് അമ്മമാര്‍ നുണ പറഞ്ഞു കൊണ്ടേയിരുന്നു. തങ്ങള്‍ സംതൃപ്തകളെന്നു മകളെ വിശ്വസിപ്പിക്കാന്‍ ഓരോ അമ്മയും കുലീനയുടെ വേഷം കെട്ടിയാടി. കാലങ്ങളായി അമ്മമാര്‍ പെണ്മക്കളോടു പറഞ്ഞു വെച്ച നുണകളാണ് പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ മധുരങ്ങളില്ലാതാക്കിക്കളയുന്നത്.
മകളോട് ഒരമ്മ ഒരിക്കലും ജീവിതത്തെ കുറിച്ച് നുണകള്‍ പറയരുതെന്ന് പഠിപ്പിച്ചു തന്നത് ഈ കഥാകാരിയാണ്. ‘കല്ലുവെച്ച നുണകള്‍ ‘ മറ്റാരോടും പറയാം. മകളോടു പറയരുത്, അവളത് എന്നെങ്കിലും തിരിച്ചറിഞ്ഞ് മുന്നില്‍ വന്ന് ചോദ്യങ്ങള്‍ ചോദിക്കും എന്ന് ഓര്‍മ്മിപ്പിച്ച എഴുത്തുകാരീ പ്രണാമം..
ആരുമല്ലാത്തവര്‍ തരുന്ന നാരങ്ങാ മിഠായികളാണ് ജീവിതത്തില്‍ മധുരം കൊണ്ടുവരുന്നതെന്നു പഠിപ്പിച്ച അഷിതയ്ക്ക് കണ്ണീര്‍ പ്രണാമം.. അഷിത എന്നോടു പറഞ്ഞത് സത്യങ്ങള്‍ മാത്രം. അമ്മമാര്‍ ഒരിക്കലും പറഞ്ഞു തരാത്ത ആ സത്യങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു
എസ്.ശാരദക്കുട്ടി
27.3.2019’
Discussion about this post