കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായാല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ആവശ്യപ്പെട്ടാല്‍ സീറ്റ് വച്ചുമാറാന്‍ തയാറാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുമായി ഇതുവരെ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എതിരാളി ആരാകും എന്നതനുസരിച്ചായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക എന്നും തുഷാര്‍ അറിയിച്ചു. വയനാടും തൃശ്ശൂരും ഒഴികെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ബിഡിജെഎസ് പ്രഖ്യാപിക്കും. തൃശ്ശൂരില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും തുഷാര്‍ ആവര്‍ത്തിച്ചു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന ബിജെപി നിലപാടിനെതിരെ ബിഡിജെഎസ് വയനാട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. വയനാട് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ജില്ലാ പ്രസിഡന്റ് എന്‍കെ ഷാജി പ്രതികരിക്കുകയായിരുന്നു. മുന്‍ ധാരണയ്ക്ക് വിരുദ്ധമായാണ് വയനാട് സീറ്റ് വേണമെന്ന് ബിജെപി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന നടത്തിയത് മുന്നണി മര്യാദയ്ക്ക് എതിരാണെന്നും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ ഇനി സീറ്റ് വിട്ടുനല്‍കാനാവില്ലെന്നും ഷാജി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു വിപരീതമായാണ് പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
നേരത്തെ, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി മത്സരിക്കാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള പറഞ്ഞിരുന്നു. മുന്നണിയില്‍ ആലോചിക്കാതെ വയനാട് സീറ്റ് ഏറ്റെടുത്തേക്കുമെന്ന ശ്രീധരന് പിള്ളയുടെ ഈ പ്രസ്താവന ബിഡിജെഎസിനെ പ്രകോപിപ്പിക്കുകയായിരുന്നു.
Discussion about this post