തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിന്റെ കെട്ടിടത്തിന്റെ മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ ക്യാമറ കണ്ടെത്തി. സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പോലീസുകാരാണ് കെട്ടിടത്തിന് മുകളില്‍ ഡ്രോണ്‍ ക്യാമറ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോണ്‍ ക്യാമറ പറന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഇതിന് മുന്‍പും പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോണ്‍ ക്യാമറ പറന്നിരുന്നു. രണ്ട് മാസം മുന്‍പാണ് അടുത്തുള്ള കല്യാണ മണ്ഡപത്തില്‍ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ നിയന്ത്രണം വിട്ട് പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നത്. അന്ന് ക്യാമറ കസ്റ്റഡിയിലെടുത്ത പോലീസ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് വിട്ടുകൊടുത്തത്. ഇത്തരത്തില്‍ ചിത്രീകരണത്തിന് എത്തിച്ച ഡ്രോണ്‍ ആണോ കഴിഞ്ഞ ദിവസം കെട്ടിടത്തിന് മുകളിലൂടെ പറന്നതെന്ന അന്വേഷണത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം കോവളത്തും സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ ക്യാമറ പറന്നിരുന്നു.
Discussion about this post