ബാലുശ്ശേരിയില്‍ 19 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം; പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുറച്ച് ദിവസങ്ങളായി ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോള്‍ ആണ് മഞ്ഞപ്പിത്തം ബാധിച്ച വിവരം അറിയുന്നത്

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം. ജയ്റാണി പബ്ലിക്ക് സ്‌ക്കൂളിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 19 വിദ്യാര്‍ത്ഥികളിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ആരോഗ്യ വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചു.

എന്നാല്‍ മഞ്ഞപ്പിത്തം വ്യാപിച്ചതിന് വ്യക്തമായ കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ല. സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുറച്ച് ദിവസങ്ങളായി ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോള്‍ ആണ് മഞ്ഞപ്പിത്തം ബാധിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുണ്ടെന്നറിയുന്നത്.

തുടര്‍ന്ന് സ്‌കൂളില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിലെ വെള്ളം സാമ്പിളെടുത്ത് പരിശോധിച്ചിച്ചെങ്കിലും രോഗത്തിന് നിദാനമായ കോളിഫോം ബാക്ടീയകളുടെ സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ രോഗ ബാധിതനായ ഏതെങ്കിലും കുട്ടിയില്‍ നിന്നും രോഗം പടര്‍ന്നതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

കാക്കൂര്‍, നങ്ങാട്, കൂരാച്ചുണ്ട്, ബാലുശ്ശേരി, ഉണ്ണികുളം, കോട്ടൂര്‍, ഉള്ളിയേരി, അത്തോളി തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് രോഗബാധയുള്ളതിനാല്‍ ഇവിടങ്ങളിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടൂണ്ട്. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ സുരേഷ് അറിയിച്ചു.

Exit mobile version