വയനാട്: ഇന്നലെ ഇരുളത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവയെ വനംവകുപ്പ് പിടികൂടി. ഇന്ന് പുലര്‍ച്ചയോടെ ആണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ പ്രദേശത്ത് നിന്ന് മാറ്റി. ഇന്നലെ രണ്ട് കൂടുകളാണ് കടുവയെ പിടിക്കാനായി പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവയ്ക്ക് ഭക്ഷണം ഒന്നും ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടാവാം മനുഷ്യനെ ആക്രമിച്ചതെന്നുമാണ് വിലയിരുത്തല്‍. പിടികൂടിയ കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഇന്നലെ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനത്തില്‍ നിരീക്ഷണത്തിന് പോയ വാച്ചര്‍മാര്‍ക്ക് നേരെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്. കടുവയുടെ ആക്രമണത്തില്‍ ഷാജന്റെ തലയ്ക്കാണ് പരിക്കേറ്റത്.