തിരുവനന്തപുരം: വേനല്‍ ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മാസം നാല് പേരാണ് സംസ്ഥാനത്ത് സൂര്യഘാതം കാരണം മരിച്ചത്. ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. വേനല്‍ മഴ അകന്നുനില്ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.
സംസ്ഥാനത്ത് സൂര്യാഘാതത്തിന് പുറമേ ചിക്കന്‍പോക്സ്, കോളറ, ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കഴിവതും രാവിലെ 11 മണി മുതല്‍ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
Discussion about this post