കാക്കനാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കാറ്റില്‍പ്പറത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍ പ്രചാരണം. പാകിസ്താന്‍ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യയുടെ ധീര സൈനിക വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ഫോട്ടോ പ്രധാനമന്ത്രി മോഡിയുടെ ചിത്രത്തിനൊപ്പം ചേര്‍ത്താണ് പോസ്റ്ററുകള്‍ ബിജെപി തൃപ്പൂണിത്തുറയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചത്. ഇത്തരത്തില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തി ക്രിമിനല്‍ കേസെടുക്കാന്‍ കലക്ടര്‍ മുഹമ്മദ് സഫീറുള്ള ഉത്തരവിട്ടു.
ബിജെപി തൃപ്പൂണിത്തുറ 28-ാം ബൂത്ത് കമ്മിറ്റിയുടെ പ്രചാരണ ബോര്‍ഡ് കളക്ടറുടെ പ്രത്യേക സ്‌ക്വാഡ് സ്ഥലത്തെത്തി എടുത്തു മാറ്റുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തിനൊപ്പം അഭിനന്ദന്റെ ചിത്രം കൂടി ചേര്‍ത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സി വിജില്‍’ ആപ്പിലൂടെയാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. കളക്ടറുടെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കെജി തിലകന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സ്ഥലത്തെത്തി പരാതി ശരിയാണെന്നുറപ്പിച്ചു. നിയമോപദേശം ലഭ്യമാക്കി തുടര്‍ നടപടി കൈക്കൊള്ളുമെന്നു പോലീസ് പറഞ്ഞു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കളക്ടര്‍ തൃപ്പൂണിത്തുറ സിഐക്ക് കത്തു നല്‍കിയത്.
അഭിനന്ദന്റേതുള്‍പ്പെടെ യുദ്ധമുന്നണിയിലുള്ള ആരുടെയും ചിത്രങ്ങള്‍ പ്രചാരണത്തിനു ഉപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post