കോന്നി: നാടിന് തന്നെ തീരാ നൊമ്പരമായി മാറിയ സൗദിയില്‍ അന്തരിച്ച കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖ് റസാക്കിന്റെ(29) മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ച് കബറടക്കി. ഇന്നലെ രാവിലെ 10ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. 3.30ന് കുമ്മണ്ണൂര്‍ ജുമാ മസ്ജിദില്‍ കൊണ്ടുപോയി ഖബറക്ക ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
നാട്ടുകാരും രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖരും അടക്കം ഒട്ടേറെ പേര് സ്ഥലത്തെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ശ്രീലങ്കയില്‍ നിന്നാണ് മൃതദേഹം നേരിട്ട് നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. മാറിയെത്തിയ ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം വൈകിട്ട് 3.10ന് നെടുമ്പാശ്ശേരിയില്‍ നിന്ന് അവരുടെ നാട്ടിലേക്കും കൊണ്ടുപോയി. റഫീഖിന്റെ മൃതദേഹം തിരികെയെത്തിക്കാനും ശ്രീലങ്കന്‍ സ്വദേശിയുടേത് തിരിച്ചയയ്ക്കാനും തടസ്സങ്ങളൊന്നുമുണ്ടായില്ലെന്നും ചെലവ് പൂര്‍ണമായും സൗദി കാര്‍ഗോ അധികൃതര്‍ വഹിച്ചതായും കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ എസ് അഷദ് അറിയിച്ചു.
കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ അബ്ദുല്‍ റസാഖിന്റെ മകനായ റഫീഖ് സൗദിയിലെ അബ്ബയില്‍ ഫെബ്രുവരി 28നാണ് അന്തരിച്ചത്. നിയമത്തിന്റെ നൂലാമാലകള്‍ അഴിച്ച് ഒടുവില്‍ കഴിഞ്ഞ ബുധനാഴ്ച വിമാനത്തില്‍ അയച്ച മൃതദേഹം അടങ്ങിയ പെട്ടി കാര്‍ഗോ വിഭാഗത്തിന്റെ പിഴവുമൂലം ശ്രീലങ്കയിലേക്കാണ് എത്തിയത്. പകരം ശ്രീലങ്കന്‍ സ്വദേശിയായ യുവതിയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലേക്കും എത്തി. ഇത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്.
Discussion about this post