മലപ്പുറം : സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസമായി ഈ ചിത്രം തരംഗമായിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ സിപിഎ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ഈ ചിത്രത്തിലുള്ളത്. കോളേജിലെ ഹോളി ആഘോഷത്തിനിടെ മുസ്ലീം വിദ്യാര്‍ത്ഥിക്ക് മതപഠന ക്ലാസിന് പോകാന്‍ വഴിയൊരുക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം കൈയ്യടികളോടെയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചത്.
ക്ലാസുകള്‍ കഴിഞ്ഞ് കഴിഞ്ഞ വ്യാഴായ്ച വൈകുന്നേരത്തോടെയായിരുന്നു കോളേജില്‍ ഹോളി ആഘോഷം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെല്ലാം മനോഹരമായ നിറങ്ങളില്‍ കുളിച്ചു. അതിനിടയില്‍ വളാഞ്ചേരി പള്ളിയില്‍ മതപഠനത്തിന് പോകുന്ന കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈല്‍ ആഘോഷങ്ങള്ക്കിടയില്പ്പെട്ടു.
ആഘോഷപരിപാടികളില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ നിന്ന് അജിത് എന്ന വിദ്യാര്‍ത്ഥി മുന്നോട്ട് വന്നുവെന്നും വിദ്യാര്‍ഥികളെ മാറ്റി തനിക്ക് പോകാന്‍ വഴിയൊരുക്കി തന്നുവെന്നും ഒരു പ്രമുഖ മാധ്യമത്തോട് സുഹൈല്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേ രീതിയിലുള്ള സര്‍ഫ് എക്സലിന്റെ ഒരു പരസ്യം പുറത്തിറങ്ങിയത്. ഈ പരസ്യവുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളും ഉണ്ടായിരുന്നു. അതേസമയം സര്‍ഫ് എക്സലിന്റെ പരസ്യവും കോളേജിലുണ്ടായ സംഭവവും തമ്മിലുള്ള സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണെന്നാണ് കോളേജിലെ ഒന്നാം വര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷംനാസ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ തന്നെ മുന്‍കൈയ്യെടുത്താണ് കോളേജ് മാനേജ്മെന്റിന്റെ സഹായത്തോടെ ഹോളി ആഘോഷങ്ങള്‍ സംഘടിപ്പിച്ചതെന്ന് കോളേജ് മാനേജര്‍ റ്റി ഉബൈദ് പറഞ്ഞു.
Discussion about this post