പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വയനാട് മണ്ഡലം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധനേടുകയാണ്. അതേസമയം, രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുകയാണെങ്കില്‍ അത് ചരിത്രപരമായ വിഡ്ഢിത്തമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കും. പത്തനംതിട്ടയില്‍ ജനങ്ങളുടെ സഹായത്തോടെ ബിജെപി അട്ടിമറി വിജയം നേടും, ഇടതുമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഎം വെട്ടിലായി. അമേഠിയില്‍ തോല്‍വി ഉറപ്പായതിനാലാണ് രാഹുല്‍ ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത്. 2019ലും 2024 ലും പ്രധാനമന്ത്രി കസേരക്ക് ഒഴിവില്ല.
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് എന്നത് അപ്രസക്തമാണ്. സ്വന്തം പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥി പിന്മാറിയിട്ട് അവിടെ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാകുന്നതാണ് ഉചിതം, കെ സുരേന്ദ്രന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയിലെ വിശ്വാസികളോട് നടത്തിയ വഞ്ചനയാണ്. ശബരിമലയെ തകര്‍ക്കാന്‍ ഒരു ഭരണകൂടം നടത്തിയ പരിശ്രമങ്ങളുമാണ്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു വിഷയം മാത്രമേ ചര്‍ച്ചചെയ്യാന്‍ പാടുള്ളൂ എന്ന് ആരും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post