കനത്ത ചൂട് മനുഷ്യരെപ്പോലെ തന്നെ വളര്‍ത്ത് മൃഗങ്ങളെയും വളരെയധികം ബാധിക്കാറുണ്ട്. നിരവധി വളര്‍ത്ത് മൃഗങ്ങള്‍ സൂര്യതാപമേറ്റ് മരണപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളര്‍ത്ത് മൃഗങ്ങളെ സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കാനും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.
പകല്‍ സമയങ്ങളില്‍ ചൂട് വളരെ അധികം ഉയര്‍ന്നിരിക്കുന്നതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് സൂര്യതാപം ഏല്ക്കുവാന് സാധ്യത ഏറെയാണ്. ഇതു സംബന്ധിച്ച് മുന്‍കരുതലെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളെയും നായ്ക്കളെയുമാണ് സൂര്യതാപത്തിന്റെ തീഷ്ണത വളരെയധികം ബാധിക്കുന്നത്. കന്നുകാലികള്‍ക്ക് കണ്ണുകള്‍ പുറത്തേക്ക് തള്ളുക, കൂടിയ ശ്വസനനിരക്ക്, ഉമിനീര് ധാരയായി ഒഴുകി അപസ്മാര ലക്ഷണങ്ങള്‍ ഉണ്ടാകുക, കിതപ്പ്, തുടങ്ങിയവ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.
അമിതമായ ചൂട് നായ്ക്കളെയും വളരെയധികം ബാധിക്കാറുണ്ട്. കിതപ്പ്, ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം, ഛര്‍ദി, കൊഴുപ്പുള്ള ഉമിനീരൊഴുകല്, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഇവയുടെ ശരീരം നനഞ്ഞ തുണിയോ ഐസ് പാഡോ ഉപയോഗിച്ച് തണുപ്പിക്കണം. കുടിക്കാന്‍ ധാരാളം വെള്ളവും നല്‍കിയതിന് ശേഷം ഉടന്‍ തന്നെ മൃഗ ഡോക്ടറുടെ സഹായം തേടുകയും വേണം.
വളര്‍ത്ത് മൃഗങ്ങളെ സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കാന്‍ മൃഗ സംരക്ഷണ വകുപ്പ് നല്കുന്ന മുന്‍കരുതലുകള്‍ ഇവയാണ്.
*ചൂട് കടുത്ത സാഹചര്യത്തില്‍ വളര്‍ത്ത് മൃഗങ്ങളെ തുറസായ സ്ഥലത്ത് വിടരുത്.
* സാധാരണയായി കൊടുത്തുകൊണ്ടിരിക്കുന്ന തീറ്റകളില്നിന്നു വ്യത്യസ്തമായ തീറ്റകള്‍ മാറി നല്‍കരുത്.
* ചൂട് കൂടുതല്‍ ഉള്ള സമയങ്ങളില്‍ തീറ്റ കുറച്ച് കൊടുത്തു വെള്ളം കൂടുതല്‍ നല്കാന് ശ്രമുക്കുക.
* വളര്‍ത്തു മൃഗങ്ങള്‍ക്ക് ശുദ്ധജലം ആവശ്യാനുസരണം എല്ലാ സമയത്തും ലഭിക്കത്തക്ക രീതിയില്‍ ക്രമീകരണം
നടത്തുക.
* തൊഴുത്തുകളില്‍ കാറ്റും, വെളിച്ചവും കടക്കുവാന്‍ സൗകര്യമുണ്ടാക്കണം.
* തൊഴുത്തിന്റെയും പട്ടികൂടിന്റെയും മേല്‍ക്കൂരയ്ക്കു മുകളില്‍ തെങ്ങോലകള്‍ വിരിക്കുന്നത് കടുത്ത
ചൂടില്‍നിന്ന് സംരക്ഷിക്കുവാന്‍ സാധിക്കും.
* ഇടക്കിടെ വെളളം ദേഹത്തു നനച്ച് കൊടുക്കുകയോ ഒരു നനഞ്ഞ ചണച്ചാക്ക് പശുവിന്റെ ദേഹത്ത് ഇട്ടു
കൊടുക്കുകയോ ചെയ്യാം.
*കന്നുകാലികള്‍ക്കുള്ള തീറ്റ രാവിലെ 7 മണിക്ക് മുന്‍പും വൈകിട്ട് 6 മണിക്ക് ശേഷവും മാത്രം നല്‍കുക
*വൈക്കോല്‍ നല്‍കുന്നത് രാത്രിയിലും അതിരാവിലെയും ആക്കുക. പച്ചപ്പുല്‍ പരമാവധി നല്‍കുക.. ഒരു പശുവിനു
ഒരു ദിവസം ശരാശരി 60 ലിറ്റര്‍ വെള്ളം നല്‍കണം.
* കോഴികള്‍ക്ക് തീറ്റ പലഘട്ടങ്ങളിലായി നല്‍കുന്നതോടൊപ്പം കുടിവെള്ളവും ആവശ്യത്തിന് നല്‍കണം
* ബ്രോയിലര്‍/മുട്ടക്കോഴി എന്നിവയുടെ കൂടുകളില്‍ കാറ്റും വെളിച്ചവും കടക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
മഴയുടെ കുറവ് മൂലമാണ് കേരളത്തില്‍ കനത്ത് ചൂട് അനുഭവപ്പെടുന്നത്. മൃഗങ്ങള്‍ അസ്വഭാവികമായി ചത്താല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post