കോഴിക്കോട്: നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വയനാട് ലോക്സഭാ മണ്ഡലം ടി സിദ്ധീക്കിന് നല്കിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പിന്റെ രോഷം. പിന്നാലെ ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഒടുവിലായി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോഴിക്കോട്ടേക്ക് തിരിച്ചിരിക്കുന്നിടത്ത് വരെ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസിനകത്തെ എ-ഐ ഗ്രൂപ്പ് പോര്.
വിമത യോഗത്തിന് നേതൃത്വം നല്‍കിയത് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനാണ്. അദ്ദേഹം യോഗശേഷം മുല്ലപ്പള്ളി രാമചന്ദ്രന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശം ഉന്നയിക്കാനുമാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേര്‍ന്നത്.
അതേസമയം, തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ അച്ചടക്ക ലംഘനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി നേരത്തേ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കേ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. രാവിലെ പത്ത് മണിയോടെ കോഴിക്കോട് ഡിസിസിയില്‍ എത്തുന്ന മുല്ലപ്പള്ളി ജില്ലാ നേതൃത്വത്തില്‍ നിന്ന് യോഗം ചേരാനിടയായ സാഹചര്യങ്ങള്‍ അന്വേഷിച്ചറിയും. അച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് പറഞ്ഞതായും സൂചനയുണ്ട്.
ഇതിനിടെ അച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കാലമെന്ന് പോലും നോക്കാതെ നടപടിയെടുക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തു വന്നിട്ടുണ്ട്.
അതേസമയം ഗ്രൂപ്പ് യോഗത്തിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ മുല്ലപ്പള്ളിയെ രമേശ് ചെന്നിത്തല ബന്ധപ്പെട്ടതായാണ് വിവരം.
Discussion about this post