കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ മേല്‍ അന്വേഷണസംഘം മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. അപ്പോള്‍ മുനമ്പം സംഭവത്തില്‍ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ മനുഷ്യക്കടത്ത് ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മനുഷ്യക്കടത്ത് വകുപ്പ് ചുമത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളുടെ പേരിലാണ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത്. കേസില്‍ സെല്വന്, സ്റ്റീഫന്‍ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖന് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കേസുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ കോവളം സ്വദേശി അനില്‍ കുമാര്‍, ന്യൂഡല്‍ഹി സ്വദേശികളായ പ്രഭു പ്രഭാകരന്, രവി സനൂപ് മൂന്ന് പ്രതികളുടെ പേരിലും ഈ വകുപ്പ് ചുമത്താനാണ് പോലീസിന്റെ തീരുമാനം. ഒന്‍പത് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെപ്പേരെ മുനമ്പം തീരത്ത് നിന്ന് വിദേശത്തേക്ക് കടത്തി എന്നതാണ് കേസ്.
Discussion about this post