കൊച്ചി: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. വിആര്‍എസിനായി അദ്ദേഹം ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും കത്ത് നല്‍കി. ഇതോടെ ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സ്ഥിരീകരിച്ചു.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണത്തെ പാര്‍ട്ടി ഹൈപവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയാകാനുളള തീരുമാനം എടുത്തതെന്ന് സാബു പറഞ്ഞു. ‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നായിരുന്നു യോഗം ചര്‍ച്ച ചെയ്തത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണക്കാന്‍ ആരും തയ്യാറായിരുന്നില്ല. ചിലര്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന് പറഞ്ഞു. പത്ത് ശതമാനത്തോളം പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എല്ലാവരും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചു,’
‘മികച്ചൊരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പാര്‍ട്ടി പലരോടും കൂടിയാലോചന നടത്തി. കൊച്ചൗസേഫ് ചിറ്റിലപ്പളളിയടക്കം അഞ്ചോളം പേര്‍ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസാണ് സമ്മതം അറിയിച്ചത്. മത്സരിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹമിപ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അതിനാല്‍ അദ്ദേഹത്തിന്റെ കാര്യം പറയാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല.’ സാബു പറഞ്ഞു.
‘കഴിഞ്ഞ എഴുപത് വര്‍ഷക്കാലം ചാലക്കുടിയെ പ്രതിനിധീകരിച്ച എംപിമാര്‍ ആര് ചെയ്തതിനേക്കാളും പത്തിരട്ടിയെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യും. കിഴക്കമ്പലം പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്. അത്തരമൊരു പ്രവര്‍ത്തനം തന്നെയാകും ചാലക്കുടിയില്‍ ജയിച്ചാലും നടത്തുക. അതിന് പ്രത്യേകമായൊരു തിരഞ്ഞെടുപ്പ് പ്രചാരണ പത്രിക തയ്യാറാക്കില്ലെന്നും’ സാബു വ്യക്തമാക്കി.
ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ട്വന്റി ട്വന്റിയോ, ജേക്കബ് തോമസോ സ്ഥിരീകരിച്ചിരുന്നില്ല.
Discussion about this post