തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി കളമൊരുങ്ങിയിട്ടും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പത്തനംതിട്ടയിലെ സീറ്റില്‍ പ്രഖ്യാപനം വൈകുന്നത് ബിജെപിയിലെ അഭിപ്രായ ഭിന്നതകള്‍ കാരണമല്ല, പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണം മാത്രമാണെന്നും കുമ്മനം പറഞ്ഞു.
സിപിഎം സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചതില്‍ ഒരു അതിശയവും ഇല്ലെന്നും അവര്‍ക്ക് പ്രഖ്യാപിക്കാന്‍ കേരളം മാത്രമേയുള്ളൂ, എന്നാല്‍ ബിജെപിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടും. ഇവര്‍ കൂടിയാലോകള്ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും പ്രഖ്യാപനങ്ങള്‍ ബാക്കിയുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കേണ്ട കാര്യം മാത്രമേയുള്ളൂ എന്നും കുമ്മനം പറഞ്ഞു.
Discussion about this post