തിരുവനന്തപുരം: വേനല്‍ ചൂടില്‍ തകര്‍ന്ന് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍. കനത്ത ചൂട് കാരണം പാലിന്റെയും തീറ്റ പുല്ലിന്റെ ലഭ്യത കുറവും കാലിത്തീറ്റയുടെ വില വര്‍ധനയും ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മില്‍മ വേനല്‍ക്കാല സബ്സിഡി കുറച്ചതും ക്ഷീരകര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
വേനല്‍ കടുത്തത് കാരണം തീറ്റപുല്ലിന്റെ ലഭ്യത കുറഞ്ഞതാണ് ക്ഷീര കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കന്നുകാലികള്‍ക്ക് തീറ്റപുല്ലിന് പകരം വൈക്കോലോ കാലിത്തീറ്റയോ നല്‍കാമെന്ന് വെച്ചാല്‍ അവയുടെ വിലയും കര്‍ഷകര്‍ക്ക് താങ്ങാന്നാവുന്നതല്ല. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ കാലിത്തീറ്റ ചാക്കൊന്നിന് 200 ലധികം രൂപയാണ് കൂടിയത്.
വേനല്‍ കാരണം പാല് ഉല്‍പ്പാദനത്തില്‍ പതിനഞ്ചു ശതമാനം വരെ കുറവുണ്ടായിരിക്കുമ്പോഴാണ് മില്‍മ സബ്സിഡിയും കുറച്ചിരിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുളള ക്ഷീണം മറികടക്കാന്‍ ക്ഷീരമേഖലയെയായിരുന്നു പല കര്‍ഷകരും ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇതും ഇപ്പോള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
നിലവില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 32 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലിറ്ററിന് 50 രൂപയെങ്കിലും കിട്ടിയാലേ നിലവിലെ സാഹചര്യത്തില്‍ ക്ഷീരമേഖലയില്‍ പിടിച്ച് നില്ക്കാന് സാധിക്കുകയുള്ളൂ എന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്.
Discussion about this post