കടയ്ക്കല്‍: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക അനുവദിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തി. കടയ്ക്കല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
രസതന്ത്രം പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് നിരവധി തവണ ശൗചാലയത്തില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ ആവശ്യം നിഷേധിച്ചു. മാത്രമല്ല വിദ്യാര്‍ത്ഥിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിച്ചില്ല.
അവശനായ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് സ്കൂള്‍ അധികൃതര്‍ ഇക്കാര്യമറിയുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പിറ്റേ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കള്‍ വിവരമറിയുന്നത്. ശേഷം അധ്യാപികയ്ക്കെതിരെ പോലീസില്‍ പരാതി നല്കി.
Discussion about this post