വീടു വിറ്റ് പണം നല്‍കിയില്ല; മരുമകന്‍ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊന്നു

പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിതകുമാറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്

നെയ്യാറ്റിന്‍കര: വീടു വിറ്റ് പണം നല്‍കാത്തതിന്റെ പേരില്‍ മരുമകന്‍ അമ്മായിയമ്മയെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിതകുമാറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി അജിതകുമാര്‍ ഒളിവിലാണ്.

മരണപ്പെട്ട മാധവിയുടെ പേരിലുള്ള നാല്‌സെന്റ് സ്ഥലവും വീടും വിറ്റ് പണം നല്‍കണമെന്നാവശ്യപ്പെട്ട് അജിതകുമാര്‍ എന്നും വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതേ ചൊല്ലി ദിവസവും ഇയാള്‍ മാധവിയെയും ഭാര്യ മിനിയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും ഇയാള്‍ സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അജിതകുമാര്‍ ഭാര്യ മിനിയുടെ വയറ്റില്‍ ചവിട്ടുകയും മാധവിയുടെ തലയില്‍ ടോര്‍ച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് അവശനിലയിലായ മാധവി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മാധവിയുടെ ദേഹത്ത് പലയിടത്തും നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അജിതകുമാറിനൊപ്പം ഭര്‍തൃസഹോദരിയും തങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്ന് മിനി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്തു വരികയാണ് അജിതകുമാര്‍. സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version