തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എപി നേതാവുമായ കെകെ രമയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് ആര്‍എംപി മുമ്പ് വ്യക്തമാക്കിയതുമാണ്. ഈ സാഹചര്യത്തിലാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരോക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി രംഗത്തെത്തിയത്.
സഖാവ് കെകെ രമ കെ കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അച്ഛന് പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും. കെകെ രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങള്‍ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികള്‍ പടിക്കലേക്ക് ചായ്ച്ച് വരാന്തയില്‍ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോര്‍മ്മിപ്പിച്ചു കൊണ്ടെന്ന് ശാരദക്കുട്ട് ഫേസ്ബുക്കില്‍ കുറിച്ചു.
അടിയന്തരാവസ്ഥയുടെ സമയത്ത് കൊല്ലപ്പെട്ട കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്ന രാജന്റെ പിതാവാണ് കോളേജ് അധ്യാപകനായിരുന്ന ഈച്ചരവാര്യര്‍. രാജന് കൊലക്കേസ് വിരല്‍ചൂണ്ടിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനു നേരെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ പോലീസ് പീഡനങ്ങള്‍ക്ക് സമ്മതം മൂളിയത് കരുണാകരനാണെന്നാണ് ആക്ഷേപം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘സഖാവ് കെകെ രമ കെ കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അച്ഛന് പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും.
കെകെ രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങള്‍ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികള്‍ പടിക്കലേക്ക് ചായ്ച്ച് വരാന്തയില്‍ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോര്‍മ്മിപ്പിച്ചു കൊണ്ട്.
ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ആര്‍ക്കുമവര്‍ സ്വസ്ഥത തരില്ല.
എസ് ശാരദക്കുട്ടി’
Discussion about this post