വയനാട്ടില്‍ വ്യാജ തേന്‍ വില്‍പ്പന സജീവം; ഇരുപത് കിലോ തേന്‍ പിടിച്ചെടുത്തു

വ്യാജ തേന്‍ ആണെന്ന സംശയത്തില്‍ പിടിച്ചെടുത്ത തേനിന്റെ സാമ്പിള്‍ ഫുഡ് ടെസ്റ്റിംഗ് മൊബൈല്‍ ലാബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്

കല്‍പ്പറ്റ: വയനാട്ടില്‍ വ്യാജ തേന്‍ വില്‍പ്പന സജീവമായി നടക്കുന്നു. ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളാണ് വ്യാജ തേന്‍ലോബിയുടെ ലക്ഷ്യം. ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാട്ടിക്കുളം ചങ്ങല ഗേറ്റിന് സമീപം വില്‍പ്പന നടത്തിയ 20 കിലോയോളം വ്യാജ തേന്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു കളഞ്ഞു. മാനന്തവാടിയിലും പരിസരങ്ങളിലും വ്യാജ തേന്‍ വില്‍പ്പന നടത്തുന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

വ്യാജ തേന്‍ ആണെന്ന സംശയത്തില്‍ പിടിച്ചെടുത്ത തേനിന്റെ സാമ്പിള്‍ ഫുഡ് ടെസ്റ്റിംഗ് മൊബൈല്‍ ലാബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബീഹാര്‍ സ്വദേശിനിയായ സ്ത്രീ മൈസൂരില്‍ നിന്നാണ് തേന്‍ വില്‍പ്പനക്കായി കൊണ്ടുവന്നത്. യഥാര്‍ത്ഥ തേനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി തേന്‍ അടയും, പാട്ടയും, മെഴുകും തേനിന്റെ സമീപം വെച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയത്.

വിപണിയില്‍ തേനിന് 300 രൂപയിലധികം വില ഉള്ളപ്പോള്‍ ഇവര്‍ വെറും 250 രൂപയ്ക്കാണ് തേന്‍ വിറ്റത്. ഇതാണ് സംശയിക്കാന്‍ കാരണം. എന്നാല്‍ വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ ഇതില്‍ സംശയിക്കാറില്ല. വില്‍പ്പന നടത്തുവരുടെ പൂര്‍ണമായ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ ലഭ്യമാകാത്തതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ സാധിക്കാതെ വരുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

നിലവാരം കുറഞ്ഞ തേന്‍ വില്‍പ്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തേനിന്റെ സര്‍വ്വയലന്‍സ് സാമ്പിളുകള്‍ കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ രേഷ്മയുടെ നേതൃത്വത്തില്‍ ശേഖരിച്ച് വിദഗ്ധപരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വരുന്നത് അനുസരിച്ച് ഇതിന് എതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പിജെ വര്‍ഗ്ഗീസ് അറിയിച്ചു.

Exit mobile version