ന്യൂഡല്‍ഹി: വടകരയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. എ,ഐ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയ വയനാട് മണ്ഡലത്തില്‍ ഒടുവില്‍ ടി സിദ്ധീക്കിനെ സ്ഥാനാര്‍ത്ഥിയായും തെരഞ്ഞെടുത്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സന്ധിയില്ലാ സമരമാണ് ടി സിദ്ധീക്കിന് സഹായകരമായത്.
ഒരാഴ്ചയോളമായി ഡല്‍ഹിയില്‍ തുടരുന്ന നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനമുണ്ടായിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഹൈക്കമാന്റ് അംഗീകാരത്തോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളെ അറിയിച്ചു. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് നാലു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നത്.
അതേസമയം, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേതാക്കള്‍ മുരളീധരനുമായി സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മുല്ലപ്പള്ളി രണ്ടുതവണ വിജയിച്ച വടകരയില്‍ എല്‍ഡിഎഫിന്റെ പി ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തിനില്ലെന്ന് മുല്ലപ്പള്ളി നിലപാടെടുത്തതോടെ മറ്റൊരു ശക്തനായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും രംഗത്തെത്തിയിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ കെ പ്രവീണ്‍ കുമാറിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.
നേരത്തെ, ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നാല് മണ്ഡലങ്ങളിലൊഴികെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post