കൊച്ചി: പ്രീത ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസില്‍ ശിക്ഷ ഇന്ന് ഹൈക്കോടതി തീരുമാനിക്കും. പ്രീത ഷാജിയുടെ ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി പ്രീത ഷാജി രംഗത്ത് വന്നതോടെയാണ് ഡിവിഷന്‍ ബഞ്ച് പ്രീതാ ഷാജിയ്‌ക്കെതിരെ കോടതയലക്ഷ്യ നടപടി ആരംഭിച്ചത്.
കോടതി ഉത്തരവിനെതിരെ സമരം ചെയ്ത പ്രീത ഷാജിയുടെ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്നും കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ ഈ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. അതോടൊപ്പം കോടതി വിധി ലംഘിച്ച പ്രീത തക്കതായ ശിക്ഷ അനുഭവിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
ശിക്ഷ എന്ന നിലയില്‍ പ്രീതയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയുന്നു. അതേസമയം കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് മാപ്പ് ചോദിക്കുന്നതായും,ക്ഷമാപണം സ്വീകരിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും പ്രീത ഷാജി കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.