വടകര: വടകര മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കെകെ രമയും പാര്‍ട്ടി നേതൃത്വവും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് നടപടിക്ക് ഒരുങ്ങുന്നു. കെകെ രമയ്ക്കൊപ്പം ആര്‍എംപി നേതാക്കളായ എന്‍ വേണു, പി കുമാരന് കുട്ടി എന്നിവര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുക. മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു എന്നാരോപിച്ചാണ് ജയരാജന് മൂന്ന് നേതാക്കള്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ചൊവ്വാഴ്ച പരാതി നല്‍കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന് ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്റെ ആരോപണം. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നുമാണ് വക്കീല്‍ നോട്ടീസിലുള്ളത്.
അതേസമയം, പാര്‍ട്ടി യോഗത്തിന് ശേഷം വടകരയില്‍ നിന്ന് കെകെ രമ മത്സരിക്കില്ലെന്നും പകരം യുഡിഎഫിനെ പിന്തുണയ്ക്കും എന്നുമുള്ള നിലപാട് ആര്‍എംപി കൈക്കൊണ്ടിരിക്കുകയാണ്.