ന്യൂഡല്‍ഹി: വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ വഴക്കിനിടെ മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന് സാധ്യതയേറി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നാല് സീറ്റുകളിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി വയനാട്ടില്‍ വിവി പ്രകാശിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. പിന്നാലെ വിവി പ്രകാശ് ഡല്‍ഹിയിലെത്തി. എകെ ആന്റണിയുമായി പ്രകാശ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ഒപ്പം ടി സിദ്ദിഖിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. എങ്കിലും വിവി പ്രകാശ് എത്തിയതോടെ ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു. ആലപ്പുഴ മണ്ഡലത്തിലേക്കും ഷാനി മോളുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം, വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ കുമാറിനാണ് സാധ്യത. വടകരയില്‍ ഉയര്‍ന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി. ഇവിടെ ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അവര്‍ വഴങ്ങിയിട്ടില്ല. യുഡിഎഫിന് ആര്‍എംപി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയില്‍ മല്‍സരിക്കാന്‍ മുല്ലപ്പള്ളിക്കും സമ്മര്‍ദ്ദം ഏറുന്നുണ്ട്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുല്ലപ്പള്ളി.
അതേസമയം, പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ ഇനി മാറ്റമുണ്ടായേക്കില്ല. വയനാട്ടില്‍ ടി സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുമായി ദേശീയ നേത്യത്വം ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. തര്‍ക്കം നിലനില്‍ക്കുന്ന വയനാടിന്റെ കാര്യം തീരുമാനിച്ചാല്‍ മറ്റിടങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമാകും.
Discussion about this post