തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍ ലോക്സഭാ സീറ്റ് അനുവദിച്ചേക്കും. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ അഴിച്ചുപണിക്ക് സാധ്യതയെന്നാണ് സൂചനകള്‍. സാധ്യതാ പട്ടികയില്‍ മാറ്റം നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. ടോം വടക്കന്റെ പേരില്ലാതെയാണ് സംസ്ഥാന നേതൃത്വം പട്ടിക തയ്യാറാക്കിയത്. കേന്ദ്രത്തില്‍ നിന്നും നേരിട്ട് ടോം വടക്കന്‍ മികച്ച സീറ്റ് ലഭിക്കുന്ന രീതിയില്‍ പട്ടിക മാറ്റാന്‍ നിര്‍ദേശിച്ചതായിട്ടാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം മുന്നോട്ട് വെച്ചത്. ഇതോടെ താത്പര്യമില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന് ടോം വടക്കന്‍ സീറ്റ് നല്‍കേണ്ടി വരും.
തൃശ്ശൂരാണ് ടോം വടക്കന്‍ ലക്ഷ്യം വെയ്ക്കുന്ന സീറ്റ്. എന്നാല്‍ ഏറെ ഡിമാന്റുള്ള ഈ സീറ്റ് അദ്ദേഹത്തിന് വച്ചുനീട്ടാന്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം മടിച്ചേക്കും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ടോം വടക്കന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ലോക്സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കേറിയത്.
Discussion about this post