ആലപ്പുഴ: ബിഡിജെഎസില്‍ നിന്നും തൃശ്ശൂര്‍, എറണാകുളം സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങി ബിജെപി നേതൃത്വം. ഇതോടെ വെള്ളാപ്പള്ളി നടേശന് സമ്മതം മൂളിയെങ്കിലും മത്സരത്തില്‍ നിന്നും പിന്മാറാനാണ് തുഷാറിന്റെ ശ്രമം. നേരത്തെ, തുഷാര്‍ മത്സരിച്ചാല്‍ വിട്ടുനല്‍കാമെന്ന് ഉറപ്പുനല്കിയിരുന്ന സീറ്റാണ് തൃശ്ശൂര്‍. എറണാകുളം സീറ്റ് ബിജെപി ബിഡിജെഎസിനു വിട്ടുനല്‍കുകയും ചെയ്തിരുന്നു. തൃശ്ശൂര്‍ സീറ്റ് കിട്ടിയാല്‍ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയ തുഷാര്‍ ബിജെപി നേതൃത്വത്തെ അറിയിക്കും.
മത്സരത്തിനില്ലെന്നു തുഷാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍, തുഷാര്‍ ഉറപ്പായി മത്സരത്തിനുണ്ടാകണമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കുകയായിരുന്നു. തുഷാര്‍ മത്സരിക്കുന്നതിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരസ്യമായി അഭിപ്രായം പറഞ്ഞതോടെ രംഗം മാറി. വെള്ളിയാഴ്ച രാത്രി ബിജെപി ദേശീയ നേതാക്കളായ ഗുരുമൂര്‍ത്തിയും മുരളീധര റാവുവും വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ചനടത്തിയിരുന്നു. ഇതേ തുടര്‍ന്ന് തുഷാര്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി എതിര്‍ക്കില്ലെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, പ്രചാരണത്തിനോ പരസ്യ പ്രസ്താവനകള്‍ക്കോ താന്‍ ഉണ്ടാകില്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി.
Discussion about this post