അനുനയിപ്പിക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ്; ചരടുവലിച്ച് വടക്കന്‍; കെവി തോമസ് ബിജെപിയിലേക്കോ?

ന്യൂഡല്‍ഹി: എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ കെവി തോമസിനെ ചാക്കിടാന്‍ ശ്രമിച്ച് ബിജെപി. സിറ്റിങ് എംപിയായ കെവി തോമസിനെ ബിജെപിയിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം പരസ്യമായ നീക്കങ്ങള്‍ ആരംഭിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

എന്നും പുതിയ നേതാക്കളെ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. അദ്ദേഹത്തെ എറണാകുളത്ത് മത്സരിപ്പിക്കണമെന്ന ആവശ്യം ബിജെപിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്റെ നേതൃത്വത്തിലാണ് ബിജെപി ചരടുവലികള്‍ ശക്തമാക്കിയിരിക്കുന്നതെന്ന് ആണ് സൂചന.

അതേസമയം, ഇടഞ്ഞുനില്‍ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവി തോമസിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി ചര്‍ച്ച നടത്തി. കൂടാതെ ദേശീയ നേതൃത്വവും സംഭവത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. മന്‍മോഹന്‍ സിങ് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. സോണിയാ ഗാന്ധി കൂടിക്കാഴ്ചയ്ക്കായി അദ്ദേഹത്തെ വിളിപ്പിച്ചിട്ടുമുണ്ട്. വൈകാതെ അഹമ്മദ് പട്ടേല്‍ എംപി സ്ഥലത്തെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഹൈബി ഈഡന്റെ എറണാകുളം സ്ഥാനാര്‍ത്ഥിത്വത്തില്‍ പൊട്ടിത്തെറിച്ച കെവി തോമസ് ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാത്തതും കോണ്‍ഗ്രസിന് ആശങ്ക പകരുന്നുണ്ട്.

Exit mobile version