അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും കാട്ടുതീ. അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങള്‍ കത്തി നശിച്ചു. മല്ലീശ്വരന്‍ മുടി താഴ്വാരം മുതല്‍ തമിഴ്‌നാട് അപ്പര്‍ ഭവാനിയോടു ചേര്‍ന്ന ബങ്കിതപാല്‍ വരെയുള്ള വനപ്രദേശങ്ങള്‍ കത്തി നശിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ ആയിരം ഹെക്ടറോളം വനഭൂമിയിലാണ് തീപടര്‍ന്നതെന്നാണ് വനം വകുപ്പിന്റെ കണക്ക്.
ഇനിയും തീ പടര്‍ന്നാല്‍ സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ ഭാഗങ്ങളും കത്തിനശിക്കും. നൂറോളം ജീവനക്കാര്‍ രാവും പകലും തീയണയ്ക്കാനുള്ള പോരാട്ടത്തിലുണ്ട്. ഇതിനു പുറമേ സൈലന്റ് വാലിയില്‍ പരിശീലനത്തിലായിരുന്ന പുതിയ നിയമനം ലഭിച്ച 40 പേരെയും തീയണയ്ക്കാനായി നിയോഗിച്ചിട്ടുണ്ട്.
കോയമ്പത്തൂരില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരും. ഇപ്പോള്‍ കാഞ്ഞീരപ്പുഴ ഡാമില്‍നിന്നും വെള്ളം ശേഖരിച്ചാണ് തീയണക്കാനുള്ള ശ്രമം തുടരുന്നത്.
സൈലന്റ് വാലിയില്‍ പരിശീലനത്തിലുള്ള വാച്ചര്‍മാരെയും തീയണക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതലാണ് അട്ടപ്പാടി, അഗളി റേഞ്ചുകളിലെ പതിനെട്ടോളം പ്രദേശങ്ങളില്‍ കാട്ടുതീ കണ്ടത്. തുടര്‍ന്നും കാട്ടുതീ പ്രതീക്ഷിക്കുന്നതിനാല്‍ പുതൂര്‍, മുക്കാലി, ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വന്‍ വനപാലകസംഘം നിലയുറപ്പിച്ചിട്ടുണ്ട്.