തിരുവനന്തപുരം: മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നത് തടസ്സപ്പെടുത്തി വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്ത് ടൈൽസ് പാകുന്ന രീതിക്ക് നിരോധനം വരുന്നു. ടൈൽസ് പാകിയ ശേഷം വീടിന്റെ പരിസരത്തെ മഴവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതാണു നിലവിൽ കണ്ടുവരുന്നത്.
വീട്ടു പരിസരങ്ങളിലും മേൽക്കൂരകളിലും നിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുക്കുമ്പോൾ ഓടകൾ പെട്ടെന്നു നിറയുകയും റോഡിൽ വെള്ളപ്പൊക്കമുണ്ടാകുയും ചെയ്യുന്നു. ഇതിനു പരിഹാരം കാണുന്നതിനാണു ടൈൽസ് പാകുന്നതിനു നിരോധനം ഏർപ്പെടുത്തുന്നത്. തുള്ളി വെള്ളം മണ്ണിലേക്കിറങ്ങാത്ത വിധം വീടിന്റെ പരിസരത്തെ ആകെയുള്ള സ്ഥലത്തിന്റെ പകുതി ഭാഗത്തു മാത്രമേ ഇനി കോൺക്രീറ്റ്, ടൈൽസ് തുടങ്ങിയ സ്ഥിരം നിർമ്മിതികൾ അനുവദിക്കൂ.
അതേസമയം, ഇന്റർലോക്ക് ബ്രിക് പാകുന്നതിനു തടസ്സമില്ല. ഇതു സംബന്ധിച്ച ശുപാർശ നഗരാസൂത്രണ സ്ഥിരം സമിതി, ഭരണസമിതിക്കു സമർപ്പിച്ചു. കെട്ടിട നിർമാണത്തിനിടെയുണ്ടാകുന്ന ക്രമക്കേട് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനു കെട്ടിടത്തിന്റെ അടിത്തറ ( ബേസ്മെന്റ്) പൂർത്തിയായ ശേഷം പണി തുടരുന്നതിനു വീണ്ടും അപേക്ഷ നൽകുന്നതിനു നടപടി സ്വീകരിക്കാനും സമിതി തീരുമാനിച്ചു. കൗൺസിൽ പാസാക്കിയശേഷം സർക്കാർ അംഗീകാരം ലഭിച്ചാൽ തുടർന്നുണ്ടാകുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇതു ബാധകമാക്കും.
കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പ്ളാനിൽ ഇനി മഴവെള്ള സംഭരണിയും 60 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടമാണെങ്കിൽ മഴക്കുഴിയും നിർബന്ധമാക്കും. ഓക്കുപൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഇവയുണ്ടെന്ന് ഉറപ്പാക്കി മാത്രമേ ടിസി നമ്പർ അനുവദിക്കൂ.
Discussion about this post