ന്യൂഡല്‍ഹി: ഇടുക്കി ലോക്സഭാ സീറ്റ് പിജെ ജോസഫിന് വിട്ടുനല്‍കേണ്ടെന്ന് ഹൈക്കമാന്റ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇനി ഒരു സീറ്റും ഘടകക്ഷികള്‍ക്ക് വിട്ട് കൊടുക്കേണ്ടെന്ന തീരുമാനമാണ് രാഹുല്‍ ഗാന്ധി നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഇതോടെ ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ പോരാട്ടത്തിനിറങ്ങുമെന്ന് ഉറപ്പായി. പിജെ ജോസഫിന്റെ ഭാവി അനിശ്ചിതത്വത്തിലുമായി.
കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ട്കൊടുത്താല് ലീഗിന്റെ ആവശ്യവും പരിഗണിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ വരുമ്പോള്‍ രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസിന് വിട്ട് വീഴ്ച വേണ്ടിവരുമെന്നും ലോക്സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനത്തിനായി ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകുമെന്നും ഹൈക്കമാന്റ് വിലയിരുത്തുന്നു.
ഇതോടെ, വടകരയില്‍ കെകെ രമയെ സ്വതന്ത്രയാക്കി മത്സരിപ്പിക്കണമെന്ന ലീഗിന്റെ ആവശ്യവും പരിഗണിക്കാനിടയില്ല. ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും മത്സരിക്കണോ എന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കും.
അതേസമയം, ഘടകകക്ഷികള്‍ക്ക് ഇനി സീറ്റ് വിട്ട്കൊടുക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അറിയിച്ചതോടെ നാളെ വൈകീട്ട് വരെ കാത്തിരിക്കുമെന്നാണ് പിജെജോസഫ് പ്രതികരിച്ചത്. തീരുമാനം ഉണ്ടായാലും ഇല്ലെങ്കിലും തന്റെ തീരുമാനം നാളെ വൈകീട്ട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇനിയും പ്രഖ്യാപിക്കാതെ ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് അതൃപ്തി അറിയിച്ചു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്നു മുന്‍തൂക്കം നഷ്ടമായെന്നും നേതൃത്വത്തിന് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി നേരിട്ട് തന്നെ അതൃപ്തി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി യോഗം നടക്കുന്നുണ്ട്. എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പൂര്‍ണ്ണമായ ചിത്രം ഈ യോഗത്തോടെ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തം ഉള്ളതിനാല്‍ കെസി വേണുഗോപാലിനെ സുരക്ഷിതമായ വയനാട്ടില്‍ മത്സരിപ്പിക്കാനാണ് സാധ്യത.
Discussion about this post