ലീഗ് – എസ്ഡിപിഐ ചര്‍ച്ച നടന്നെന്ന് സ്ഥിരീകരിച്ച് ഇരു പാര്‍ട്ടികളും; നടന്നത് രഹസ്യ ചര്‍ച്ചയല്ലെന്ന് ലീഗും എസ്ഡിപിഐയും; നാടിന് അപകടകരമായ കൂട്ടുകെട്ടെന്ന് കോടിയേരി

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളും പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വവും നടത്തിയ ചര്‍ച്ചയില്‍ വിവാദം കനക്കുന്നു. മലപ്പുറത്ത് നടത്തിയ ചര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിശദീകരണവുമായി ഇരു പാര്‍ട്ടികളും രംഗത്തെത്തി. എസ്ഡിപിഐയുമായി രഹസ്യചര്‍ച്ചയാണ് നടത്തിയതെന്ന വാര്‍ത്ത നിഷേധിച്ച കുഞ്ഞാലിക്കുട്ടി യാദൃശ്ചികമായി കണ്ടുമുട്ടിയതാണെന്നും ഗസ്റ്റ് ഹൗസില്‍ പരസ്യമായാണോ ചര്‍ച്ച നടത്തുകയെന്ന വിശദീകരണമാണ് നല്‍കിയത്. ഇതേ വിശദീകരണമാണ് പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറും പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയത്. രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നും, രാഷ്ട്രീയ ചര്‍ച്ച നടന്നെന്ന് എസ്ഡിപിഐ പറയുന്നുണ്ടെങ്കില്‍ അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇ.ടിയുടെ വിശദീകരണം തൃപ്തികരമെന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്.

എന്നാല്‍ രാഷ്ട്രീയവും കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ചയായെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പ്രതികരിച്ചു. നടന്നത് രഹസ്യ ചര്‍ച്ചയല്ലെന്നും ബെന്നി ബെഹനാന്‍ ചര്‍ച്ചയ്‌ക്കെത്തിയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലീഗ് എസ്ഡിപിഐ കൂട്ടുകെട്ട് നാടിന് അപകടകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലീഗ് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി കളിക്കാനാണ് ശ്രമിക്കുന്നത്.ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ലീഗിന്റെ പരാജയ ഭീതിയാണ് ചര്‍ച്ചയ്ക്ക് പിന്നില്‍, വിജയിക്കാനായി ഏതുമാര്‍ഗ്ഗവും സ്വീകരിക്കാന്‍ ലീഗ് മുതിരുന്നതിന്റെ തെളിവാണിത്. ചര്‍ച്ച യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ ആരോപിച്ചു. ബെന്നി ബെഹനാന്‍ ഈ ചര്‍ച്ചയ്‌ക്കെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബെന്നി ബെഹനാന്‍ ആ പരിസരത്ത് പോലും ഉണ്ടായിരുന്നില്ലെന്നാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ മറുപടി.

കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിലെ 105-ാം മുറിയില്‍ വച്ച് രാത്രി എട്ടരയോടെയായിരുന്നു ലീഗ്-എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് കൂടിക്കാഴ്ച്ച. ഇടി മുഹമ്മദ് ബഷീര്‍ ആണ് ആദ്യം ഹോട്ടലില്‍ എത്തിയത്. പത്ത് മിനിറ്റിന് ശേഷം നസറൂദ്ദിന്‍ എളമരവും സംഘവും എത്തി. പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് അബ്ദുള്‍ മജീദ് ഫൈസി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. പൊന്നാനി മണ്ഡലത്തില്‍ പിവി അന്‍വറിനെ പോലെ ശക്തനായ ഒരു എതിരാളി എത്തിയതോടെ ലീഗ് പ്രതിരോധത്തിലായിരുന്നു. ഇതാണ് ലീഗിനെ ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കാന്‍ പ്രേരിപ്പിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവായ പിവി അന്‍വറിന് മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമെന്ന് ലീഗ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ വോട്ടു ധാരണയ്ക്ക് വേണ്ടിയാണ് രണ്ട് പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ കണ്ടെത്തെന്നാണ് പുറത്തു വരുന്ന വിവരം. 2014-ല്‍ പൊന്നാനി മണ്ഡലത്തില്‍ 26,000 വോട്ടുകളാണ് പോപ്പുലര്‍ ഫ്രണ്ട് നേടിയത്.

Exit mobile version